കാസർഗോഡ്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് കഴിഞ്ഞദിവസം തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം നേരത്തേ പോസ്റ്റ്മോർട്ടം നടത്തിയതെന്ന് സ്ഥിരീകരണം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പോസ്റ്റുമോർട്ടത്തിന്റെ രീതിവച്ച് അതു കേരളത്തിൽ നടത്തിയതല്ലെന്നും കർണാടകയിലോ മഹാരാഷ്ട്രയിലോ ഗോവയിലോ വച്ചാകാമെന്നുമാണ് നിഗമനം.
ഒന്നര മാസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇൻക്വസ്റ്റ് വേളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തന്നെ നെഞ്ചിലും വയറിലും വലിയ മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. ഇവ നേരത്തേ നടത്തിയ പോസ്റ്റ്മോർട്ടം വേളയിൽ ചെയ്തതാണെന്നാണ് മെഡിക്കൽ കോളജിലെ വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീണ്ടും എങ്ങനെ കടലിലെത്തി എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. പുഴയോടോ കടലിനോടോ ചേർന്ന ഏതെങ്കിലും ഭാഗത്ത് അടക്കിയ മൃതദേഹം വെള്ളം ഉയർന്നപ്പോൾ ഒഴുക്കിൽപ്പെട്ട് വീണ്ടും കടലിലെത്തിയതാകാമെന്ന് കരുതുന്നു. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനും അയൽസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പോലീസിന്റെ തീരുമാനം.